
തിരുവനന്തപുരം ∙ ഗവേഷണ വിദ്യാർഥിയായിരിക്കുമ്പോൾ വി.എസ്.അച്യുതാനന്ദന്റെ മകൾ വി.വി.ആശയ്ക്ക് 6 മാസത്തെ സ്റ്റൈപൻഡ് ഒന്നിച്ചു കിട്ടി. സ്വർണക്കൊലുസ്സ് വാങ്ങി അണിയണമെന്ന് ആശയ്ക്കു മോഹം. അച്ഛനോട് ആഗ്രഹം പറഞ്ഞു. വിഎസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു– ‘നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അതോർത്തുകൊണ്ട് കൊലുസ്സ് വാങ്ങുകയോ ഇടുകയോ ചെയ്യാം’
തന്റെ ആദർശം കുടുംബത്തിന്റെയും ആദർശമാകണമെന്നു വിഎസിനു നിർബന്ധമുണ്ടായിരുന്നു. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന വിഎസ് ആരോഗ്യമുള്ള കാലത്തോളം വായിക്കുകയും പഠിക്കുകയും സ്വയംനവീകരിക്കുകയും ചെയ്തു. മക്കളും അങ്ങനെയാകണമെന്ന് വിഎസിനു നിഷ്കർഷയുണ്ടായിരുന്നു. ദിവസങ്ങളും ആഴ്ചകളും നീളുന്ന പാർട്ടി പരിപാടികളും പൊതുപ്രവർത്തനവും കഴിഞ്ഞ് വിഎസ് വീട്ടിലേക്കെത്തുന്ന അപൂർവം ദിവസങ്ങളിൽ മക്കളുടെ പഠനം വിലയിരുത്തലായിരുന്നു പ്രധാന ജോലി. പാഠപുസ്തകങ്ങൾ എടുത്ത് പഠിച്ച ഭാഗങ്ങൾ പരിശോധിക്കും.
∙ വിഎസിന്റെ കുടുംബം
43 വയസ്സുവരെ ഒറ്റത്തടിയായി, ജീവിതം പൂർണമായി പാർട്ടിക്കു സമർപ്പിച്ചു നടന്ന വിഎസിന് വിവാഹം കഴിക്കാൻ പ്രേരണയായത് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ആർ.സുഗതന്റെ മരണമായിരുന്നു. ഉറ്റവരില്ലാതെ പാർട്ടി ഓഫിസിലായിരുന്നു സുഗതന്റെ അവസാനകാലം. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇടപെട്ട്, വിഎസിന് വിവാഹം ആലോചിച്ചു. തുറവൂരിലെ പാർട്ടി പ്രവർത്തകയായിരുന്ന വസുമതി. ആ വിവാഹത്തിന്റെ ഓർമകളുണർത്തുന്ന കല്യാണക്കത്ത് വീണ്ടെടുത്തത് മുഖ്യമന്ത്രിയായപ്പോൾ.
2006 ൽ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിൽ നിന്നു താമസം ക്ലിഫ് ഹൗസിലേക്കു മാറ്റി. കന്റോൺമെന്റ് ഹൗസ് വൃത്തിയാക്കുമ്പോൾ വിഎസിന്റെ മകൻ അരുൺ കുമാറിന്റെ കയ്യിൽ പഴകി നിറംമങ്ങിയ കടലാസ് തടഞ്ഞു. അത് ആ ക്ഷണക്കത്തായിരുന്നു.
വിവാഹത്തിനു കതിർമണ്ഡപമോ പുടവ നൽകലോ സദ്യയോ ഇല്ല. പരസ്പരം മാലയിട്ട് വിവാഹച്ചടങ്ങ് അവസാനിച്ചു. വധുവിനെ ആലപ്പുഴ പറവൂരിൽ സഹോദരിയുടെ വീട്ടിലാക്കി പിറ്റേന്നുതന്നെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിഎസ് തിരുവനന്തപുരത്തേക്കു വണ്ടി കയറി. അന്ന് അമ്പലപ്പുഴ എംഎൽഎയായിരുന്നു വിഎസ്.
വാടകവീട്ടിലേക്ക് കഞ്ഞിവയ്ക്കാൻ ചട്ടിയും കലവും മുതൽ സർവതും കണ്ടെത്തേണ്ടതു വധുവിന്റെ ജോലിയായി. അന്നുമുതൽ വിഎസിന്റെ വീടിനു കാവലായി വസുമതിയുണ്ടായിരുന്നു. വി.വി.ആശയും വി.എ.അരുൺകുമാറും ജനിച്ചതോടെ വിഎസ് കരുതലുള്ള പിതാവായി.
∙വിവാഹശേഷം മാറിയ ‘വി’
വി.എസ്.അച്യുതാനന്ദന്റെ പൂർണമായ പേര് വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ എന്നാണ്. എന്നാൽ, അറിയപ്പെടുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ്. വിഎസ് ജനിച്ചത് വെന്തലത്തറ വീട്ടിലും കുടുംബമായപ്പോൾ താമസിച്ചത് വേലിക്കകത്തു വീട്ടിലുമാണ്. 1969 ലാണു വിഎസ്, ഭാര്യ വസുമതിയുടെ പേരിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ വേലിക്കകത്ത് വീട് വാങ്ങിയത്. പിന്നീട്, തിരുവനന്തപുരത്ത് മകൻ വി.എ.അരുൺകുമാർ അച്ഛന്റെ ആഗ്രഹപ്രകാരം വാങ്ങിയ വീടിനും പേര് ‘വേലിക്കകത്ത്’ എന്നായി.
തിരുവനന്തപുരത്ത് 15 വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കന്റോൺമെന്റ് ഹൗസിലും 5 വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ ക്ലിഫ് ഹൗസിലുമായിരുന്നു താമസം.
പ്രതിപക്ഷ നേതാവായി കന്റോൺമെന്റ് ഹൗസിലെത്തുമ്പോൾ വിഎസ് കൊണ്ടുവന്ന ഏക ഫർണിച്ചർ ഒരു കാഞ്ഞിരക്കട്ടിലാണ്. മൂന്നാം വട്ടം പ്രതിപക്ഷ നേതാവായിരുന്നശേഷം 2016 ൽ സ്ഥാനമൊഴിഞ്ഞപ്പോൾ തമ്പുരാൻ മുക്കിൽ എകെജി പഠനഗവേഷണ കേന്ദ്രത്തിനു സമീപമുള്ള ‘നമിത’ എന്ന വാടകവീട്ടിലേക്കെത്തി. പിന്നീട്, അവിടെ നിന്നാണു മകൻ അരുൺ കുമാർ വാങ്ങിയ വീട്ടിലേക്ക് താമസം മാറിയത്.
∙ മക്കൾക്ക് ഉമ്മ കൊടുത്ത് ജയിലിലേക്ക്
അടിയന്തരാവസ്ഥക്കാലത്ത് ഒരു രാത്രി വിഎസിനെ വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് 7 വയസ്സുള്ള മകൾ ആശ പേടിച്ചു കരഞ്ഞു; പിന്നാലെ അനിയൻ അരുണും. മക്കളെ ചേർത്തു പിടിച്ച് കവിളിൽ ഉമ്മവച്ച് ആശ്വസിപ്പിച്ച ശേഷമാണ് വിഎസ് പൊലീസിനൊപ്പം പോയത്. ദിവസങ്ങൾക്കു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ അച്ഛനെ കാണാൻ ആശയും അരുണും അമ്മയ്ക്കൊപ്പം പോയി. അച്ഛനു കൊടുക്കാൻ ഒരു ഓറഞ്ചും കരുതിയിരുന്നു. ഓറഞ്ച് സ്നേഹത്തോടെ വാങ്ങിയ ശേഷം വിഎസ് മക്കൾക്കു തിരികെ സമ്മാനിച്ചു.
ഒരിക്കൽ വിഎസുമൊത്ത് പൊന്മുടിയിൽ പോയതിന്റെ കഥയും ആശ പറഞ്ഞിട്ടുണ്ട്. എംഎസ്‌സി വിദ്യാർഥിയായിരുന്നു അന്ന് ആശ. പൊന്മുടിയിൽ പോകണമെന്ന ആഗ്രഹമുണ്ടായപ്പോൾ അച്ഛനോടു കാര്യം പറഞ്ഞു. ഒരു അംബാസഡർ കാറിൽ വിഎസ് കുടുംബത്തെയും കൂട്ടി പൊന്മുടിയുടെ താഴ്‌വാരത്തിലെത്തി. ‘ഇതാണു പൊന്മുടി. 10 മിനിറ്റിനുള്ളിൽ കണ്ടുവരണം’ എന്നു പറഞ്ഞ് വിഎസ് പാർട്ടി പ്രവർത്തകർക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ പോയി.
∙ വിഎസിന്റെ സിനിമകൾ
പൊതുവേ തിയറ്ററിൽ പോയി സിനിമ കാണാത്ത വിഎസ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ ജീവൻ ദാസ് സംവിധാനം ചെയ്ത ‘ക്യാംപസ് ഡയറി’ എന്ന സിനിമയിൽ വിഎസ് ആയിത്തന്നെ അതിഥി കഥാപാത്രമായി. ആ സിനിമ കാണാൻ കുടുംബത്തോടൊപ്പം വിഎസ് തിയറ്ററിലുമെത്തി. ഒരുപക്ഷേ, വിഎസ് തിയറ്ററിലെത്തി കണ്ട അവസാനത്തെ സിനിമയാകും അത്. പൊതുപ്രവർത്തനത്തിലെ തിരക്കുകൾക്കിടയിൽ കുടുംബത്തോടൊപ്പം സിനിമയ്ക്കു പോകുന്നതു പതിവില്ലാത്ത വിഎസിന് നാടകമായിരുന്നു ഇഷ്ടം.
എങ്കിലും മക്കൾ ആവശ്യപ്പെട്ടാൽ സിനിമയ്ക്കു കൊണ്ടുപോകാറുമുണ്ട്. ഒരിക്കൽ, കമൽഹാസൻ നായകനായ സാഗരസംഗമം സിനിമ കാണാൻ പോകണമെന്ന് ആശ അച്ഛനോട് ആവശ്യപ്പെട്ടു. എല്ലാവരും ആസ്വദിച്ചു സിനിമ കാണുന്നതിനിടയിൽ ഇടയ്ക്ക് വിഎസിനെ നോക്കിയ ആശ കണ്ടത് ആസ്വദിച്ച് ഉറങ്ങുന്ന അച്ഛനെയാണ്!
∙ കുടുംബത്തിലെ അച്ചുമാർ
വിഎസിന്റെ വീട്ടിൽ മറ്റു 3 അച്ചുമാരുണ്ട്. പേരക്കുട്ടികളാണിവർ. വിഎസിന്റെ മകൾ ആശയുടെയും ഡോ.ടി.തങ്കരാജിന്റെയും മകൻ ആനന്ദിനാണ് ആദ്യം അച്ചു എന്ന ഓമനപ്പേരിട്ടത്. മകൻ അരുൺ കുമാറിന് മകനുണ്ടായപ്പോൾ അർജുൻ എന്നു പേരിട്ടു. എങ്കിലും വീട്ടിൽ വിളിപ്പേര് ‘കൊച്ചച്ചു’ എന്നായി. അരുണിന്റെ രണ്ടാമത്തെ മകൻ അരവിന്ദിനെയും അച്ചുക്കൂട്ടത്തിലാണ് പെടുത്തുന്നത്. ഇവരുടെയെല്ലാം ചേച്ചി, ആശയുടെ മൂത്ത മകൾ ആതിരയുടെ വിവാഹം കഴിഞ്ഞു.
∙പാർട്ടി കുടുംബത്തിനു പുറത്ത്
കുടുംബത്തിനുള്ളിൽ രാഷ്ട്രീയം അധികം സംസാരിച്ചിരുന്നില്ല. രാഷ്ട്രീയത്തിൽ താൻ നേരിടുന്നതൊന്നും കുടുംബത്തിന്റെ വിഷയമാകാതിരിക്കാനുള്ള കരുതൽ എക്കാലത്തും വിഎസ് സ്വീകരിച്ചിരുന്നു. 2006 ൽ ആദ്യം സീറ്റ് നിഷേധിക്കപ്പെട്ടശേഷം മത്സരിച്ചു വിഎസ് നേടിയ വിജയം ടിവിയിലാണു ഭാര്യ വസുമതി കണ്ടത്. അന്നു വസുമതി പനിക്കിടക്കയിലായിരുന്നു. അഭിനന്ദനം അറിയിക്കാൻ വിഎസിനെ ഫോൺ ചെയ്തെങ്കിലും അത്യാഹ്ലാദമൊന്നും കാട്ടാതെ, ഭാര്യയുടെ രോഗവിവരം മാത്രം തിരക്കി പതിവുമട്ടിൽ ഫോൺ വച്ചു.
വിഎസിന്റെ യാത്രകളിലെപ്പോഴും ഇടയ്ക്കിടെ വസുമതിയുടെ ഫോൺ എത്തും. ഗുളിക കഴിച്ചോ, സമയത്തു ഭക്ഷണം കഴിച്ചോ എന്നൊക്കെ അറിയുകയാണ് ഉദ്ദേശ്യം. ഏതു തിരക്കിനിടയിലും കൃത്യമായി മറുപടി നൽകും.
എന്നാൽ, കുടുംബത്തിനെ രാഷ്ട്രീയരംഗത്ത് ചിലപ്പോഴൊക്കെ വിഎസ് പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ.ആർ.ഗൗരിയമ്മയെ പാർട്ടിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ച സമയത്ത് ഗൗരിയമ്മയെ കാണാൻ വിഎസ് ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പിൽ ഗൗരിയമ്മയുടെ വീട്ടിലെത്തി. എന്നാൽ, ‘അച്യുതാനന്ദന് അച്യുതാനന്ദന്റെ വഴി, എനിക്ക് എന്റെ വഴി’ എന്നു പറഞ്ഞ് ഗൗരിയമ്മ വിഎസിനെ മടക്കി. അടുത്ത ദിവസം വിഎസ് ഭാര്യ വസുമതിയെ ഗൗരിയമ്മയുടെ അടുക്കലേക്ക് അയച്ചു.
പാർട്ടി നടത്തുന്ന സമരങ്ങളിലും വിഎസ് കുടുംബത്തെ പങ്കെടുപ്പിച്ചിരുന്നു. 2012 ൽ പാചകവാതക വിലവർധനയ്ക്കെതിരെ തെരുവിൽ പാചകം ചെയ്ത് സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത വിഎസിന്റെ ഭാര്യ വസുമതി തിരുവനന്തപുരം നഗരത്തിലെ തെരുവിൽ പായസം തയാറാക്കുകയും ചെയ്തു. അന്ന് വിഎസ് പ്രതിപക്ഷ നേതാവായിരുന്നു.
∙ഡോക്ടർമാർ, നഴ്സ്
വിഎസിന്റെ അവസാനത്തെ 6 വർഷം വീടിനുള്ളിൽ ഒതുങ്ങിയ ജീവിതമായിരുന്നു. ഈ സമയമത്രയും ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം ഉൾപ്പെടുന്ന കുടുംബം അതീവ ശ്രദ്ധയോടെ അദ്ദേഹത്തെ പരിചരിച്ചു. അരുൺകുമാറിന്റെ ഭാര്യ ഡോ.രജനി ഇഎൻടി സ്പെഷലിസ്റ്റും മകൾ ആശയുടെ ഭർത്താവ് ഡോ.ടി.തങ്കരാജ് യൂറോളജിസ്റ്റുമാണ്. ഇരുവരും അവരുടേതായ രീതിയിലുള്ള പരിചരണം നൽകിയിരുന്നു. നഴ്സ് ആയിരുന്ന ഭാര്യ വസുമതിയുടെ പരിചരണമായിരുന്നു പ്രധാനം. ഒടുവിൽ 2 ഹോംനഴ്സുമാരെ നിയോഗിച്ചിരുന്നു.